21-March-2024 -
By. news desk
കൊച്ചി: ലോകത്തെ ഏറ്റവും പഴക്കമള്ളതും, വലുതും വൈവിധ്യമാര്‍ന്നതുമായ അന്താരാഷ്ട്ര പാചക കലാ മത്സരമായ പാചക ഒളിമ്പിക്സ് 2024 ല്‍ മലയാളി ഷെഫ് ശ്രേയ അനീഷ് ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നേടി രാജ്യത്തിനു തന്നെ അഭിമാനമായി.കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ സമാപിച്ച ലോക പാചക മാമാങ്കത്തില്‍ സൗത്ത് ഇന്ത്യന്‍ ഷെഫ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രേയ പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രദര്‍ശനം, തല്‍സമയ കൊത്തുപണി എന്നീ ഇനങ്ങളിലാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 67 രാജ്യങ്ങളില്‍നിന്നും 2000 ല്‍പരം ഷെഫുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ചെന്നൈയില്‍ താമസമാക്കിയ എറണാകുളം കളമശ്ശേരി സ്വദേശികളായ അനീഷ് സീന ദമ്പതികളുടെ മകളും തമിഴ്നാട്ടിലെ ചെന്നൈയിന് അമൃത ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ഉന്നത ബിരുദ പഠന വിദ്യാര്‍ത്ഥിനിയുമാണ് ശ്രേയ. ഇതേ കോളജിലെ തന്നെ ഷെഫുകളായ പുനീത് ജെ ഒരു സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കി. ഇവിടത്തെ വിദ്യാര്‍ത്ഥികളായ അംഗിത കെ. ഷെട്ടി രണ്ട് വെള്ളിയും, എം. എ ആകാശ് ജോര്‍ജ് ഒരു വെങ്കല മഡലും സ്വന്തമാക്കിട്ടുണ്ട്. 67 രാജ്യങ്ങളില്‍ നിന്നും 2000 ല്‍ പരം ഷെഫുകള്‍ 2024 ലെ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നു.
1900 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചുവരുന്ന രുചിഭേദങ്ങളുടെ ഒളിമ്പിക്സില്‍ ആദ്യമായാണ് രാജ്യം മെഡലുകള്‍ നേടുന്നതെന്ന പ്രത്യേകത ശ്രേയക്കും മറ്റ് ഇന്ത്യന്‍ മെഡല്‍ ജേതാക്കള്‍ക്കും ഇവരെ ഒരുക്കി അയച്ച അമൃത ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിനും സൗത്ത് ഇന്ത്യന്‍ ഷെഫ്സ് അസോസിയേഷനും സ്വന്തമാണ്.